This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിഷാര്‍ ഹുയൂക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലിഷാര്‍ ഹുയൂക്ക്

Alishar Huyuk

മധ്യതുര്‍ക്കിയുടെ വ. ബോഗാസ്കൊയായില്‍ ഹിറ്റൈറ്റ് തലസ്ഥാനമായിരുന്ന ഷറ്റുഷാഷി അവശിഷ്ടങ്ങളില്‍ നിന്ന് ഏതാണ്ട് 80 കി.മീ. തെ.കി. യോസ്ഗാട്ടിനും ഡെഗാഡിലിയനും മധ്യേയുള്ള നദീതടത്തില്‍ സ്ഥിതിചെയ്തിരുന്ന ഒരു മണ്‍കൂന. ഷിക്കാഗോ സര്‍വകലാശാലയിലെ പൗരസ്ത്യ പഠനകേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ എച്ച്.എച്ച്. വോണ്‍ദര്‍ ഒസ്റ്ററിന്റെയും ഇ.എഫ്. ഷ്മിഡ്ത്തിന്റെയും നേതൃത്വത്തില്‍ 1927-നും 1932-നുമിടയ്ക്ക് നടത്തപ്പെട്ട വിസ്തൃതമായ ഉത്ഖനന പര്യവേക്ഷണങ്ങള്‍ ഈ സ്ഥലത്തിന്റെ പുരാവസ്തുഗവേഷണപരവും ചരിത്രപരവുമായ പ്രാധാന്യത്തെ കുറെയൊക്കെ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അനത്തോളിയന്‍ പുരാവസ്തു ഗവേഷണങ്ങളുടെ ചരിത്രത്തില്‍ ഒരു വ്യതിയാനമായിരുന്നു ഇവിടെ നടന്ന ഉത്ഖനനപരിപാടി.

സംസ്കാരലക്ഷ്യങ്ങള്‍. അനത്തോളിയന്‍ പീഠഭൂമിയില്‍ വ്യവസ്ഥാപിതവും ക്രമീകൃതവും ശാസ്ത്രലക്ഷണയുക്തവുമായ ഭൂപാളികളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെട്ടിട്ടുള്ള ആദ്യത്തെ ഉത്ഖനനപര്യവേക്ഷണം അലിഷാറിലാണ് നടന്നത്. അവിടെനിന്നു കണ്ടെടുത്തിട്ടുള്ള പദാര്‍ഥങ്ങള്‍, അവ സംബന്ധിച്ചു തയ്യാറാക്കിയ രേഖകള്‍, ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച സമ്പ്രദായം എല്ലാംതന്നെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. ഇവിടെ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞ ഭൂപാളികളില്‍ ബി.സി. 17 മുതല്‍ 13 വരെയുള്ള ശ.-ങ്ങളിലെ ഹിറ്റൈറ്റ് ജനാധിനിവേശ കാലഘട്ടം ഒഴിച്ച് താമ്രശിലായുഗം മുതല്‍ ഫ്രിജിയന്‍-ഏഷ്യാമൈനര്‍ കാലഘട്ടം വരെ കുടിയേറ്റങ്ങളുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭൂപാളികളുടെ അടുക്കിലുണ്ടായിട്ടുള്ള ക്രമഭംഗവും കുന്നിന്റെ ആകൃതിയിലുള്ള വക്രതയും സങ്കീര്‍ണമായ സ്ഥിതിവിശേഷങ്ങളുളവാക്കി. കേന്ദ്രത്തില്‍നിന്നും അകലെയായി സ്ഥിതിചെയ്യുന്ന ഉയരം കൂടിയ അഗ്രഭാഗവും ചരിഞ്ഞുള്ള മുകള്‍പ്പരപ്പും നിമിത്തം ഭൂഗര്‍ഭപാളികകളില്‍ കാണുന്ന വക്രഗതിസമാനമായ അധിനിവേശതലങ്ങളെ കൂട്ടിയിണക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുന്നു. ഉയരം കൂടിയ അഗ്രഭാഗം ഒരു ദുര്‍ഗത്തെ സൂചിപ്പിക്കുന്നതായാണു പരിഗണിക്കേണ്ടിയിരിക്കുന്നത്. അനത്തോളിയന്‍ ഭൂഖനനഗവേഷണങ്ങളില്‍ ഭൂപാളികളുടെ അടിസ്ഥാനത്തിലാണ് അധിനിവേശസ്ഥലങ്ങളുടെ കാലനിര്‍ണയം ചെയ്യുന്നത്. എന്നാല്‍ അലിഷാര്‍ അധിനിവേശസ്ഥലത്തിന്റെ കാലവും സ്ഥാനവും നിര്‍ണയിക്കുക ദുഷ്ക്കരമാക്കിയിരിക്കുന്നത് ഈ കുന്നിന്റെ വക്രവും തരംഗിതവുമായ ബാഹ്യപ്രകൃതിയാണ്.

ഇവിടെ കണ്ടെത്തിയിട്ടുള്ള അധിനിവിഷ്ടതലങ്ങളെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഒസ്റ്റന്റെ അവസാനറിപ്പോര്‍ട്ടനുസരിച്ചാണ് അലിഷാറിലെ പുരാവസ്തുഗവേഷണചരിത്രത്തെ സംഗ്രഹിക്കേണ്ടത്. ഏറ്റവും അടിയിലുള്ള ഏറ്റവും പുരാതനമായ കാലഘട്ടം നവീന ശിലായുഗമെന്നാണ് ഒസ്റ്റന്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ചാല്‍ക്കോലിത്തിക് കാലഘട്ടത്തിന്റെ അവസാനവും താമ്രയുഗത്തിന്റെ ആരംഭവും ഒരുമിച്ചുചേര്‍ന്നുള്ള ഒരു കാലഘട്ടത്തെയാണ് അതു പ്രതിനിധാനം ചെയ്യുന്നത് എന്നു പരിഗണിക്കുന്നതാവും കൂടുതല്‍ ശരി. അവിടന്ന് കിട്ടിയിട്ടുള്ള പദാര്‍ഥങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് തണ്ടിന്മേല്‍ നിര്‍ത്തിയിട്ടുള്ളതും കറുത്ത കളിമണ്‍കൊണ്ടു നിര്‍മിതവുമായ വലിയ ഭരണികളും കളിമണ്ണുകൊണ്ടുതന്നെ നിര്‍മിക്കപ്പെട്ടിട്ടുള്ള കോപ്പകളുമാണ്. തുടര്‍ന്നുള്ള പാളികളില്‍ ലോഹങ്ങളില്‍ (ആദ്യം ചെമ്പിലും പിന്നീട് വെങ്കലത്തിലും എന്ന ക്രമത്തില്‍) നിര്‍മിക്കപ്പെട്ടിട്ടുള്ള പാത്രങ്ങളാണു കണ്ടെത്തിയിട്ടുള്ളത്. ഈ തലങ്ങളില്‍ കല്ലുകൊണ്ടുള്ള അടിത്തറയ്ക്കു മുകളില്‍ ഉണക്കിയ ഇഷ്ടിക പടുത്തുണ്ടാക്കിയ ഭിത്തികള്‍ കണ്ടെത്തിയിട്ടുണ്ട്. താമ്രകാലഘട്ടത്തിന്റെ ഒരു പ്രത്യേകതയായി ഇതു ചൂണ്ടിക്കാണിക്കപ്പെടുന്നു.

വര്‍ണാങ്കിത പാത്രങ്ങള്‍. ഇതിനുശേഷം രണ്ടു കാലഘട്ടങ്ങള്‍ കാണാം. ഇവ സമാന്തരമാണോ ഒന്നിനു പുറകേ മറ്റൊന്നായി ഉണ്ടായതാണോ എന്ന കാര്യത്തില്‍ അഭിപ്രായൈക്യമുണ്ടായിട്ടില്ല. ഏതാണ്ട് സമാന്തരമായി കാണപ്പെടുന്ന തലങ്ങളിലാണ് ഈ സങ്കീര്‍ണകാലഘട്ടങ്ങളുടെ ലക്ഷ്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ദുര്‍ഗാഗ്രമെന്നു സങ്കല്പിക്കപ്പെട്ടിട്ടുള്ള ഉയരം കൂടിയ ഭാഗത്ത് കണ്ടെത്തിയിട്ടുള്ള ബഹുവര്‍ണാങ്കിതങ്ങളായ പാത്രങ്ങളാണ് ഈ ലക്ഷണങ്ങളില്‍ ഒന്ന്. കപ്പദോക്ക്യന്‍ പാത്രങ്ങള്‍ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. അനത്തോളിയന്‍ സംസ്കാരത്തിന്റേതായി കണക്കാക്കപ്പെട്ടുവരുന്ന ഏകവര്‍ണാങ്കിത പാത്രങ്ങള്‍ക്കിടയിലാണ് ഇവ കാണുന്നത്. ഇത് ഇടക്കാലത്ത് ഉണ്ടായ ഏതോ വിദേശ ജനപദത്തിന്റെ കടന്നാക്രമണത്തെ സൂചിപ്പിക്കുന്നതാവാം; അല്ലെങ്കില്‍ ഇന്തോ-യൂറോപ്യന്‍ ഹിറ്റൈറ്റ് ജനവര്‍ഗത്തിന്റെ പെട്ടെന്നുണ്ടായ ഒരു അധിനിവേശത്തെയും, അന്നത്തെ സംസ്കാരത്തില്‍ അതിനു വളരെ വേഗം സംഭവിച്ച ലയനത്തെയും സൂചിപ്പിക്കുന്നതായും വരാം. ഇതേ രീതിയില്‍ കുറേക്കൂടി തെ. ബി.സി. 19-ാം ശ.-ത്തിലേതെന്നു കരുതാവുന്ന കപ്പദോക്ക്യന്‍ ഫലകങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവ കുള്‍തെപെ(Kultepe)യിലെ പ്രാചീന സമൂഹത്തെ അനുസ്മരിപ്പിക്കുന്നു. ആ കാലഘട്ടത്തില്‍ താമ്രം കൂടാതെ കല്ലും അസ്ഥിയുംകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. അന്നു ശക്തമായ കോട്ടകൊത്തളങ്ങള്‍ നിര്‍മിക്കുകയും ഉയര്‍ന്ന ദുര്‍ഗനഗരികള്‍ക്കു താഴെ വ്യാപകമായി വര്‍ത്തിച്ചുവന്ന ജനപദത്തെക്കൂടി ചുറ്റിയുള്ള കോട്ടകള്‍ സ്ഥാപിക്കുകയും ചെയ്തുവന്നിരുന്നു. മൃതദേഹങ്ങള്‍ വലിയ മണ്‍ഭരണികളിലാക്കിയാണ് അന്നു സംസ്കരിച്ചുവന്നത്.

ഈ കാലഘട്ടത്തിനുശേഷം അലിഷാര്‍ ജനാധിവാസം നഷ്ടപ്പെട്ട ഒരു പ്രദേശമായി ഏതാനും ശതകങ്ങള്‍ കഴിഞ്ഞുപോയി. അഞ്ചാറു ശതകങ്ങള്‍ക്കു ശേഷം ഹിറ്റൈറ്റ് ജനവര്‍ഗങ്ങളുടെ മുന്‍ഗാമികളായ ഒരു ജനപദം ദുര്‍ഗനഗരപ്രദേശത്ത് അധിവാസമുറപ്പിച്ചു. ഫ്രിജിയന്‍ സംസ്കാരത്തിന്റെ സംഭാവനയായിട്ടാണ് ആ ദുര്‍ഗനഗരം കരുതപ്പെടുന്നത്. അവര്‍ അവിടെ ഉയര്‍ന്ന പ്രദേശത്ത് കോട്ടകളും ചരിവുപ്രദേശങ്ങളില്‍ മതിലുകളും പണിയിച്ചു. ഏതാനും ശതകങ്ങള്‍ക്കു ശേഷം ചരിവു പ്രദേശങ്ങളിലെ പുതിയ അധിനിവിഷ്ടസ്ഥലങ്ങളെ ചുറ്റി കോട്ടയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ പണിതു. ഈ കുടിയേറ്റം ബി.സി. 6-ാം ശ.-ത്തിലെ ലിദിയന്‍ ആധിപത്യം വരെ തുടര്‍ന്നുവെന്ന് ഊഹിക്കപ്പെടുന്നു. അവസാനം ഈ ദുര്‍ഗനഗരം അഗ്നിക്കിരയായതായിട്ടാണ് കരുതപ്പെടുന്നത്. പുരാവസ്തു ഗവേഷണപ്രധാനമായി വളരെയൊന്നും അലിഷാറില്‍നിന്നും ലഭ്യമല്ലെങ്കിലും പൊതുവേ അതിന്റെ സാധ്യതയെക്കുറിച്ച് വിശദമായ ഒരു ധാരണയുണ്ടാക്കുവാനും വ്യവസ്ഥാപിതവും ക്രമീകൃതവും ശാസ്ത്രനിബദ്ധവുമായ ഭൂഖനനപര്യവേക്ഷണങ്ങളിലൂടെ പഴമയുടെ ചരിത്രം പുനര്‍സംവിധാനം ചെയ്യാനും കഴിയുമെന്ന വിശ്വാസം ഉറപ്പിക്കുവാന്‍ അലിഷാര്‍ അവസരം നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍